റമള്ള: പലസ്തീൻ പ്രദേശത്തെ ക്രൈസ്തവ ഗ്രാമം സന്ദർശിക്കാനെത്തിയ യൂറോപ്യൻ നയതന്ത്ര പ്രതിനിധികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിനിരയായി. അധിനിവേശ വെസ്റ്റ്ബാങ്കിൽ റമള്ളയ്ക്കു സമീപം തയ്ബെ ഗ്രാമത്തിൽ ശനിയാഴ്ചയുണ്ടായ സംഭവത്തിൽ കത്തോലിക്കാ സഭ, ബെൽജിയം, ഫ്രാൻസ്, പോളണ്ട് പ്രതിനിധികൾ ഉൾപ്പെട്ട സംഘമാണ് ആക്രമിക്കപ്പെട്ടത്.
ഒലിവ് വിളവെടുപ്പിനിടെ പലസ്തീനികൾ അധിനിവേശ യഹൂദരുടെ ആക്രമണത്തിന് ഇരയാകുന്നതു സംബന്ധിച്ച വാർത്തകളുടെ സത്യാവസ്ഥ നേരിട്ടു കണ്ട് മനസിലാക്കാൻ എത്തിയതായിരുന്നു യൂറോപ്യൻ സംഘം. മുഖംമൂടി ധരിച്ച യഹൂദ അക്രമികൾ സംഘത്തിന്റെ വാഹനവ്യൂഹം തടഞ്ഞു. ബെൽജിയം കോൺസൽ ജനറൽ, ഫ്രാൻസിലെ ഒരു മേയർ എന്നിവർ ആക്രമിക്കപ്പെട്ടു.
കോൺസൽ ജനറലിന്റെ വാഹനത്തിന്റെ ചില്ല് തകർത്തു. 78 വയസുള്ള മേയറെ ഇരുന്പുവടിക്ക് തല്ലി താഴെയിട്ടു.ബെൽജിയം സർക്കാർ സംഭവത്തെ അപലപിക്കുകയും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കാൻ ഇസ്രയേൽ തയാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
അക്രമത്തെക്കുറിച്ച് അന്വേഷിക്കുന്നതായി ഇസ്രേലി സേന അറിയിച്ചു. അതേസമയം, ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസ് സംഭവത്തിന്റെ സത്യാവസ്ഥയിൽ സംശയം പ്രകടിപ്പിക്കുകയാണുണ്ടായത്. ഇസ്രയേലിനെ താഴ്ത്തിക്കാട്ടാനുള്ള പ്രചരണത്തിന്റെ ഭാഗമായിരിക്കാം ഇതെന്നും ഓഫിസ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വെസ്റ്റ് ബാങ്കിലെ മറ്റൊരു ഗ്രാമത്തിൽ യഹൂദ കുടിയേറ്റക്കാർ നടത്തിയ ആക്രമണത്തിൽ പലസ്തീനികൾക്കും വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിന്റെ ഫോട്ടോഗ്രാഫർ ഹെയ്ഡി ലെവീനും പരിക്കേറ്റിരുന്നു. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ഇസ്രയേലിലെ യുഎസ് അംബാസഡർ മൈക്ക് ഹക്കബീയും സംഭവത്തെ അപലപിച്ചിരുന്നു.